ഹബിൾ ബഹിരാകാശ ദൂരദർശിനി
From Wikipedia, the free encyclopedia
ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട ദൂരദർശിനിയാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി. എഡ്വിൻ ഹബിൾ എന്ന ജ്യോതിശാസ്ത്രജ്ഞന്റെ ഓർമ്മയ്ക്കായാണ് ഈ ദൂരദർശിനിക്ക് ഹബിൾ എന്ന് നാമകരണം ചെയ്തിട്ടുള്ളത്. ഭൂമിയുടെ അന്തരീക്ഷത്തിനു വെളിയിലായുള്ള ഹബിളിന്റെ സ്ഥാനം ഭൂമിയിലെ ദൂരദർശിനികൾക്ക് അപ്രാപ്യമായ ഗുണങ്ങൾ ലക്ഷ്യം വച്ചുള്ളതാണ്. ഇതുമൂലം ദൃശ്യങ്ങൾ അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യം മൂലം മങ്ങിക്കാണില്ല, ദൃശ്യപശ്ചാത്തലം വായുവിൽ വിസരിതമാകില്ല എന്നതിനൊക്കെപ്പുറമേ ഭൂമിയിൽ അന്തരീക്ഷത്തിലെ ഓസോൺ പാളിയാൽ തടയപ്പെടുന്ന അൾട്രാവയലറ്റ് തരംഗങ്ങൾ ഹബിളിനു തടസ്സമില്ലാതെ ലഭിക്കുകയും ചെയ്യുന്നു. 1990ൽ നടന്ന ഹബിളിന്റെ വിക്ഷേപണത്തോടു കൂടി ജ്യോതിശാസ്ത്രചരിത്രത്തിലെ തന്നെ സുപ്രധാനമായ ഒരു ഉപകരണം ജ്യോതിശാസ്ത്രജ്ഞർക്കു ലഭിച്ചു, ഭൗതികജ്യോതിശാസ്ത്രത്തിൽ നാഴികക്കല്ലുകളായ ഒട്ടനവധി കണ്ടുപിടിത്തങ്ങൾ അതുവഴി നടക്കുന്നുണ്ട്. ഹബ്ബിൾ അൾട്രാ ഡീപ് ഫീൽഡ് (Hubble Ultra Deep Field) ആണ് ഇന്നുവരെ ലഭിച്ചിട്ടുള്ളവയിൽ ജ്യോതിശാസ്ത്രത്തിലെ ഏറ്റവും വിവരസമ്പുഷ്ടമായ ചിത്രം. 15 വർഷമാണ് ആയുസ്സ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്നും നാസയുടെ അഭിമാനസ്തംഭമായി സ്തുത്യർഹമായ സേവനം ഹബിൾ കാഴ്ചവയ്ക്കുന്നതോടൊപ്പം ലോകത്തുള്ള ആർക്കും ഉപയോഗിച്ചു നോക്കാവുന്ന തരത്തിൽ നാസ അതിനെ പൊതുസ്വത്താക്കുകയും ചെയ്തു.
ഹബിൾ ബഹിരാകാശ ദൂരദർശിനി | |
---|---|
ഹബിൾ ബഹിരാകാശ ദൂരദർശിനി, ഡിസ്കവറി സ്പേസ് ഷട്ടിലിൽ നിന്നുള്ള ദൃശ്യം. കേടുപാടുകൾ തീർക്കുന്നതിനുള്ള രണ്ടാമത്തെ ദൗത്യത്തിൽ നിന്ന്, STS-82 | |
പൊതു വിവരങ്ങൾ | |
NSSDC ID: | 1990-037B |
സംഘടന: | നാസ/ESA/STScI |
വിക്ഷേപണം: | ഏപ്രിൽ 24, 1990 |
നീക്കം ചെയ്യുന്നത്: | 2020-ഓടെ |
പിണ്ഡം: | 11,110 കിലോഗ്രാം (24,250 പൌണ്ട്) |
ഭ്രമണപഥത്തിന്റെ ഉയരം: | 589 കി.മി, 366 mi. |
ഭ്രമണ സമയം: | 96–97 മിനിട്ട് |
ഭ്രമണ പ്രവേഗം: | 7,500 മീറ്റർ/സെക്കന്റ്, 16800 മൈലുകൾ / മണിക്കൂർ |
ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം: | 8.169 മീ/സെക്കന്റ്² |
സ്ഥാനം: | Low Earth orbit |
ഭ്രമണപഥം: | ദീർഘവൃത്തം |
Telescope style: | Ritchey-Chretien പ്രതിഫലനം |
തരംഗദൈർഘ്യം: | ഓപ്റ്റിക്കൽ, അൾട്രാ വയലറ്റ്, near-infrared |
വ്യാസം: | 2.4 മീ (94 ഇഞ്ച്) |
വിവരങ്ങൾ ശേഖരിക്കുന്ന വിസ്തീർണ്ണം: | ഏകദേശം. 4.3 ച.മീ (46 ച.അടി) |
Focal length: | 57.6 മീ (189 അടി) |
ഉപകരണങ്ങൾ | |
NICMOS: | ഇൻഫ്രാറെഡ് കാമറ/സ്പെക്ട്രോമീറ്റർ |
എ.സി.എസ്: | ഓപ്റ്റിക്കൽ സർവ്വേ കാമറ (പ്രവർത്തിക്കുന്നില്ല) |
WFPC2: | വൈഡ് ഫീൽഡ് ഓപ്റ്റിക്കൽ കാമറ |
STIS: | ഓപ്റ്റിക്കൽ സ്പെക്ട്രോമീറ്റർ /കാമറ (പ്രവർത്തിക്കുന്നില്ല) |
FGS: | മൂന്ന് ഫൈൻ ഗൈഡൻസ് സെൻസറുകൾ |
വെബ് വിലാസം: | http://www.nasa.gov/hubble http://hubble.nasa.gov http://hubblesite.org http://www.spacetelescope.org |
ഒരു ബഹിരാകാശ ദൂരദർശിനി നിർമ്മിക്കാനുള്ള പദ്ധതി അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞർക്കിടയിൽ 1946-ൽ തന്നെ ഉണ്ടായെങ്കിലും സാമ്പത്തികപ്രശ്നങ്ങൾ കാര്യമായി കണക്കിലെടുക്കേണ്ടതുണ്ടായിരുന്നു. 1990-ലെ വിക്ഷേപണത്തിനു തൊട്ടുപിന്നാലെ തന്നെ ദൂരദർശിനിയുടെ പ്രധാന ദർപ്പണത്തിന്റെ ഗോളീയസംക്ഷേപണം മോശം ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ചതിനാൽ ശരിക്കും പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തി. ഇത് ദൂരദർശിനിയുടെ ഉപയോഗക്ഷമതയെ ഗുരുതരമായി തന്നെ ബാധിച്ചിരുന്നു. എന്നിരുന്നാലും 1993-ലെ ഒരു നന്നാക്കൽ ദൗത്യത്തോടെ ദൂരദർശിനി ഉദ്ദേശ്ശിച്ച ഗുണമേന്മയുള്ളതാക്കി തീർക്കാനായി എന്നുമാത്രമല്ല സുപ്രധാനമായ ഒരു പഠനോപകരണവും പൊതുവേ ജ്യോതിശാസ്ത്രത്തിനൊരു ഉത്തേജനവുമായി.ക്രോംപ്റ്റൺ ഗാമാ കിരണ ജ്യോതിർനിരീക്ഷണകേന്ദ്രം, ചന്ദ്രാ എക്സ്-കിരണ നിരീക്ഷണ കേന്ദ്രം, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവ ഉൾപ്പെടുന്ന നാസയുടെ മഹാ ജ്യോതിർനിരീക്ഷണ പദ്ധതിയിൽ (Great Observatories program) ശ്രേണിയിൽ ആദ്യത്തേതായ ഹബിൾ,[1] നാസയുടേയും യൂറോപ്യൻ ശ്യൂന്യാകാശ ഏജൻസിയുടേയും ഒരു സംയുക്ത സംരംഭമാണ്.
ഇന്നുവരെ രൂപകല്പന ചെയ്തിട്ടുള്ള ദൂരദർശിനികളിൽ ശൂന്യാകാശസഞ്ചാരികളാൽ നന്നാക്കാൻ കഴിയുന്ന വിധത്തിൽ നിർമ്മിച്ചിട്ടുള്ള ഏക ദൂരദർശിനിയാണ് ഹബിൾ. ഇതുവരെ നാല് നന്നാക്കൽ ദൗത്യങ്ങളാണ് ഹബിളിനായി നടന്നിട്ടുള്ളത്, അഞ്ചാമത്തേതും അവസാനത്തേതുമായ ദൗത്യം 2008 സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും 2009-ലാണ് അത് സാധിച്ചത്. ആദ്യ നന്നാക്കൽ ദൗത്യം 1993 ഡിസംബറിൽ ഹബിളിന്റെ ചിത്രീകരണ വൈകല്യം ശരിയാക്കിയതാണ്. 1997 ഫെബ്രുവരി നടന്ന രണ്ടാമത്തെ ദൗത്യത്തിന്റെ ലക്ഷ്യം രണ്ട് പുതിയ ഘടകങ്ങൾ കൂട്ടിച്ചേർക്കുകയായിരുന്നു. മൂന്നാം നന്നാക്കൽ രണ്ട് ഘട്ടമായാണ് നടത്തിയത്: എസ്.എം.3.എ.(Servicing Mission 3 A) എന്നറിയപ്പെട്ട ആദ്യ ഘട്ടം 1999 ഡിസംബറിൽ അത്യാവശ്യം വേണ്ട നന്നാക്കലുകൾക്കായുള്ളതായിരുന്നു, എസ്.എം.3.ബി മാർച്ച് 2002-ൽ നൂതന പര്യവേക്ഷണ ക്യാമറ (Advanced Camera for Survey - ACS) ഘടിപ്പിക്കാനായിരുന്നു.
അഞ്ചാമത്തെ നന്നാക്കൽ ദൗത്യം (SM 4) പദ്ധതിയിട്ടിരുന്നത് 2004-ൽ ആയിരുന്നെങ്കിലും കൊളംബിയ ദുരന്തത്തേ തുടർന്ന് സുരക്ഷയെ കരുതി റദ്ദാക്കപ്പെട്ടു. ഒരു മാനുഷിക ദൗത്യം വളരെ അപകടകരമാണെന്നാണ് നാസ കണ്ടെത്തിയത്. സഞ്ചാരികൾക്ക് ഒരു സുരക്ഷാകൂടാരമാകാവുന്ന അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രം ഒറ്റപ്പെട്ടിരിക്കാവുന്ന കാലമായിരുന്നു അത്. അവിടെനിന്ന് ഹബിളിലേക്കുള്ള യാത്രയും അന്ന് അസാധ്യമായിരുന്നു. 2006 ഒക്ടോബർ 31-ഓടു കൂടി നാസ അഡ്മിനിസ്ട്രേറ്റർ മൈക് ഗ്രിഫിൻ അറ്റ്ലാന്റിസ് ബഹിരാകാശ വാഹനം പോയി വരാനുള്ള പച്ചക്കൊടി കാട്ടുകയും, 2008 സെപ്റ്റംബറിൽ നടത്താവുന്ന വിധത്തിൽ പദ്ധതി തയ്യാറാക്കുകയും ചെയ്തു[2][3].
ഒരു സുരക്ഷാസംവിധാനം എന്ന രീതിയിൽ ഡിസ്കവറി വാഹനം തയ്യാറാക്കി നിർത്താനും അത്യാവശ്യമെങ്കിൽ പോയി വരാനും തീരുമാനമായിരിക്കുന്നു. ഈ പദ്ധതിപ്രകാരം ഹബിൾ 2013 വരെ, പിൻഗാമി ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി വിക്ഷേപിക്കുന്നതുവരെ നിലനിർത്താവുന്നതാണ്. ജയിംസ് വെബ് ദൂരദർശിനി ഹബിളിനെ അപേക്ഷിച്ച് വളരെ കഴിവ് ഉള്ളതാണെങ്കിലും ഇൻഫ്രാറെഡ് കിരണങ്ങൾ മാത്രം നിരീക്ഷിക്കാനുള്ളതാണ്. അതിനാൽ തന്നെ പ്രകാശത്തിന്റെ ദൃശ്യ - അതിനീലലോഹിത ആവൃത്തികൾ കാണാൻ കഴിവുള്ള ഹബിളിനു ഒരിക്കലും പകരമാവില്ല.