ഗുൽസാർ
ഇന്ത്യൻ എഴുത്തുകാരൻ / From Wikipedia, the free encyclopedia
സംപൂരൺ സിങ്ങ് കൽറ (പഞ്ചാബി: ਸਮਪੂਰਨ ਸਿੰਘ ਕਾਲਰਾ, ഹിന്ദി: संपूरण सिंह कालरा, ഉർദു: سمپورن سنگھ کالرا, ജനനം 18 ആഗസ്റ്റ് 1936) ഗുൽസാർ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ഇന്ത്യൻ കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമാണ്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഹിന്ദി-ഉർദു ഭാഷകളാണെങ്കിലും പഞ്ചാബി, ഹിന്ദി വകഭേദങ്ങളായ മാർവാറി, ബ്രജ് ഭാഷ, ഹര്യാൻവി മുതലായവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഗുൽസാർ | |
---|---|
ജനനം | സംപൂരൺ സിങ്ങ് കൽറ |
മറ്റ് പേരുകൾ | ഗുൽസാർ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമ്മാതാവ് |
സജീവ കാലം | 1961 – തുടരുന്നു |
ജീവിതപങ്കാളി(കൾ) | രാഖീ ഗുൽസാർ |
കുട്ടികൾ | മേഘ്ന ഗുൽസാർ |
2002-ൽ ഉർദു ഭാഷയിലെ സാഹിത്യ സംഭാവനകൾ മുൻനിർത്തി സാഹിത്യ അക്കാദമി അവാർഡ് കരസ്ഥമാക്കി. കലാലോകത്തിന് ഗുൽസാർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2004-ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 5 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.[1] സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കാർ പുരസ്കാരവും ഗ്രാമി പുരസ്കാരവും നേടി. സാഹിത്യ അക്കാദമി അവാർഡും ഗുൽസാർ നേടിയിട്ടുണ്ട്. ദേശസ്നേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് നൽകുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ധിരാഗാന്ധി പുരസ്കാരം 2012-ൽ ലഭിച്ചു.
ഇന്ത്യൻ സിനിമയുടെ വളർച്ചക്കു നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് 45-മത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഗുൽസാറിന് നൽകാൻ ഭാരത സർക്കാർ 2014-ൽ തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ ഉർദു ഭാഷയിലെ സാഹിത്യ സംഭാവനകൾ മുൻനിർത്തി 2023-ലെ ജ്ഞാനപീഠ പുരസ്കാരം കരസ്ഥമാക്കി.[2]
ഗാനരചയിതാവ് എന്ന നിലയിൽ ഗുൽസാർ പ്രശസ്തനായത് രാഹുൽ ദേവ് ബർമൻ, എ.ആർ. റഹ്മാൻ, വിശാൽ ഭരദ്വാജ് തുടങ്ങിയവരുമായുള്ള കൂട്ടുകെട്ടുകളിലൂടെയാണ്. മറ്റുള്ള പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ദേവ് ബർമൻ, സലിൽ ചൗധരി, ശങ്കർ എഹ്സാൻ ലോയ്, മദൻ മോഹൻ, അനു മാലിക് മുതലായവരുമായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.