തുർഗുത് ഓസൽ
From Wikipedia, the free encyclopedia
തുർക്കിയുടെ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്ന രാഷ്ട്രീയനേതാവാണ് തുർഗുത് ഓസൽ (തുർക്കിഷ് ഉച്ചാരണം: [tuɾˈɡut øˈzaɫ]; 1927 ഒക്ടോബർ 13–1993 ഏപ്രിൽ 17). ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, ഉന്നതതല സർക്കാർ ഉദ്യോഗസ്ഥനുമായിരുന്ന ഇദ്ദേഹം 1983 മുതൽ 1989 വരെയുള്ള കാലയളവിൽ തുർക്കിയുടെ പ്രധാനമന്ത്രിയായും 1989 മുതൽ 1993 വരെയുള്ള കാലത്ത് രാജ്യത്തിന്റെ പ്രസിഡണ്ടായും പ്രവർത്തിച്ചു.
തുർഗുത് ഓസൽ | |
തുർക്കിയുടെ എട്ടാമത്തെ പ്രസിഡണ്ട് | |
പദവിയിൽ 1989 നവംബർ 9 – 1993 ഏപ്രിൽ 17 | |
മുൻഗാമി | കെനാൻ എവ്രൻ |
---|---|
പിൻഗാമി | സുലെയ്മാൻ ദെമിറേൽ |
തുർക്കിയുടെ പ്രധാനമന്ത്രി | |
പദവിയിൽ 1983 ഡിസംബർ 13 – 1989 ഒക്ടോബർ 31 | |
പ്രസിഡന്റ് | കെനാൻ എവ്രൻ |
മുൻഗാമി | ബുലന്ദ് ഉലുസു |
പിൻഗാമി | യിൽദിരിം അക്ബുലുറ്റ് |
ജനനം | (1927-10-13)ഒക്ടോബർ 13, 1927 മലാത്യ, തുർക്കി |
മരണം | ഏപ്രിൽ 17, 1993(1993-04-17) (പ്രായം 65) അങ്കാറ, തുർക്കി |
രാഷ്ട്രീയകക്ഷി | മദർലാൻഡ് പാർട്ടി |
ജീവിതപങ്കാളി | അയ്ഹാൻ ഇനാൽ (വിവാഹം. 1952, മോചനം. 1952) സെമ്ര ഓസൽ (വിവാഹം. 1954) |
മതം | ഇസ്ലാം |
ഒപ്പ് |
1980-ലെ സൈനിക അട്ടിമറിയെത്തുടർന്ന് ജനറൽ കെനാൻ എവ്രൻ നേതൃത്വം നൽകിയ സൈനികഭരണകൂടത്തിൽ സാമ്പത്തികകാര്യങ്ങളുടെ ചുമതലയുള്ള മന്ത്രിയായായിരുന്നു ഓസലിന്റെ രാഷ്ട്രീയപ്രവേശം. 1983-ൽ മദർലാൻഡ് കക്ഷി രൂപീകരിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച് പ്രധാനമന്ത്രിയാകുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി സർക്കാർ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ച് തുർക്കിയുടെ സമ്പദ്വ്യവസ്ഥയിൽ വൻപരിവർത്തനത്തിന് വഴിയൊരുക്കി.[1][2] തികഞ്ഞ മതവിശ്വാസിയായിരുന്ന ഇദ്ദേഹത്തിന്റെ ഭരണകാലത്ത് തുർക്കി, കമാലിസത്തിൽ നിന്നും വ്യതിചലിച്ച് ഇസ്ലാമികപാതയിലേക്ക് മാറി.
ഓസൽ പ്രസിഡണ്ട് പദവി ഏറ്റെടുത്ത് കക്ഷിരാഷ്ട്രീയത്തിൽ നിർജ്ജീവമായതോടെ, മികച്ച നേതൃത്വത്തിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ മദർലാൻഡ് കക്ഷിക്ക് ജനപിന്തുണ കുറയുകയും 1991-ൽ അത് അധികാരത്തിൽ നിന്നും പുറത്താകുകയും ചെയ്തു.