വല്ലഭായി പട്ടേൽ
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും / From Wikipedia, the free encyclopedia
ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയും ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന ശില്പികളിലൊരാളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ നേതാവുമായിരുന്നു സർദാർ വല്ലഭായി പട്ടേൽ (ഗുജറാത്തി: સરદાર વલ્લભભાઈ પટેલ; ഐ.പി.എ: [sərd̪aːr ʋəlləbʰbʰaːi pʌʈeːl] (സഹായം·വിവരണം)) (ഒക്ടോബർ 31 1875 – ഡിസംബർ 15 1950). ഇന്ത്യയിലും ലോകമൊട്ടാകെയും തലവൻ എന്ന് അർത്ഥം വരുന്ന സർദാർ എന്ന പേരിൽ അദ്ദേഹം അഭിസംബോധന ചെയ്യപ്പെട്ടു.[1]
വല്ലഭായി പട്ടേൽ | |
---|---|
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 15 ഓഗസ്റ്റ് 1947 – 15 ഡിസംബർ 1950 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | ഇല്ല |
പിൻഗാമി | മൊറാർജി ദേശായി |
ഇന്ത്യയുടെ ആഭ്യന്തരകാര്യ വകുപ്പു മന്ത്രി | |
ഓഫീസിൽ 15 ഓഗസ്റ്റ് 1948 – 15 ഡിസംബർ 1950 | |
പ്രധാനമന്ത്രി | ജവഹർലാൽ നെഹ്രു |
മുൻഗാമി | ഇല്ല |
പിൻഗാമി | സി. രാജഗോപാലാചാരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വല്ലഭായി ഝാവേർഭായ് പട്ടേൽ (1875-10-31)31 ഒക്ടോബർ 1875 നദിയാദ്, ഗുജറാത്ത്, ബോംബെ പ്രവിശ്യ , ബ്രിട്ടീഷ് ഇന്ത്യ |
മരണം | 15 ഡിസംബർ 1950 (വയസ്സ് 75) ബോംബെ, ബോംബെ സ്റ്റേറ്റ്, ഇന്ത്യ (ഇന്നത്തെ മുംബൈ, മഹാരാഷ്ട്ര) |
ദേശീയത | ഭാരതീയൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
കുട്ടികൾ | മണിബെൻ പട്ടേൽ ദയാബായി പട്ടേൽ |
അൽമ മേറ്റർ | ഇൻസ് ഓഫ് കോർട്ട്, ഇംഗ്ലണ്ട് |
തൊഴിൽ | അഭിഭാഷകൻ രാഷ്ട്രീയപ്രവർത്തകൻ |
അവാർഡുകൾ | ഭാരതരത്നം , 1991 ൽ മരണാനന്തര ബഹുമതി |
ഗുജറാത്തിലെ ആനന്ദ് താലൂക്കിൽപ്പെട്ട കരംസദ് ഗ്രാമത്തിൽ ജനിച്ച പട്ടേൽ, വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായി ജോലി നോക്കിയിരുന്നു. ബ്രിട്ടീഷ് രാജിന്റെ കാടൻ നിയമങ്ങൾക്കെതിരേ, അദ്ദേഹം ഗുജറാത്തിലെ കർഷകരെ സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ നിസ്സഹകരണത്തിന്റേയും അഹിംസയുടേയും മാർഗ്ഗമാണ് പട്ടേൽ സ്വീകരിച്ചിരുന്നത്. ഇക്കാലയളവിൽ ഗുജറാത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു പട്ടേൽ. വൈകാതെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നേതൃതലത്തിലേക്കുയർന്ന പട്ടേൽ 1934 ലും 1937 ലും തിരഞ്ഞെടുപ്പിന്റെ ചുമതലകളേറ്റെടുത്തു.
ഇന്ത്യാ വിഭജനത്തിനുശേഷം, പഞ്ചാബിലേയും, ഡൽഹിയിലേയും അഭയാർത്ഥികളെ പുനരധിവസിപ്പിക്കുക എന്ന ചുമതല ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും, പിന്നീട് ആഭ്യന്തര മന്ത്രിയും ആയ പട്ടേലിനായിരുന്നു. ശിഥിലമായി കിടന്നിരുന്ന സ്വതന്ത്ര ഇന്ത്യയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾക്കു നേതൃത്വം നൽകിയത് പട്ടേലായിരുന്നു. 565 ഓളം സ്വയംഭരണാവകാശമുള്ള നാട്ടുരാജ്യങ്ങളെ നയതന്ത്രം കൊണ്ട് പട്ടേൽ ഇന്ത്യാ യൂണിയന്റെ കൊടിക്കീഴിൽ കൊണ്ടു വന്നു.
വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്ട്രീയ ഏകതാ ദിവസമായി കൊണ്ടാടുന്നു. 1991 ൽരാഷ്ട്രം അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്കാരം നൽകി ആദരിച്ചു.[2] പട്ടേൽ ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻ എന്ന പേരിലും അറിയിപ്പെടുന്നു.[3]